വാഷിങ്ടൺ: യുഎസിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് പഠനം. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി നടത്തിയ പഠനത്തിലാണ് 2025 ജനുവരി മുതൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 7,35,000 പേരുടെ കുറവുണ്ടായെന്ന് പഠനത്തിൽ കണ്ടെത്തി. കൂടാതെ, ഈ കാലയളവിൽ 1.7 മില്യൺ കുടിയേറ്റ തൊഴിലാളികൾ യുഎസ് പേറോൾ പട്ടികയിൽനിന്ന് പുറത്തായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും എച്ച്1ബി വിസകൾ പുതുക്കുന്നതിനുള്ള തടസ്സങ്ങളും മറ്റുമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഇത് അമേരിക്കയുടെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും വെല്ലുവിളിയാകുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ഫിനാഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ജൂലൈ മാസത്തിലെ തൊഴിൽ കണക്കുകൾ പ്രകാരം 73,000 തസ്തികകൾ മാത്രമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. മുൻ മാസങ്ങളിലെ കണക്കുകളിൽ 2,58,000 തൊഴിലവസരങ്ങൾ കുറഞ്ഞതായും കാണുന്നു. ജൂലൈ മാസത്തിൽ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു. 27 ആഴ്ചയിൽ കൂടുതൽ തൊഴിലില്ലാത്തവരുടെ എണ്ണം 1.83 മില്യൺ ആയി വർധിച്ചു.

ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 1.2 മില്യൺ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോ‍ർട്ട്. ഇത് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളോടുള്ള കടുത്ത നിലപാട് മൂലമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിദേശികൾ തങ്ങളുടെ തൊഴിലുകൾ തട്ടിയെടുക്കുന്നു എന്ന പ്രചാരണം ശക്തമായതോടെ കുടിയേറ്റ വിരുദ്ധ വികാരം വർധിച്ചതും തൊഴിൽ നഷ്ടത്തിന് കാരണമായെന്ന് റിപ്പോ‍ർട്ടിൽ പറയുന്നു.

2024 ജൂലൈ മുതൽ 2025 ജൂലൈ വരെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങളിൽ 1.99 മില്യൺ വർധനവുണ്ടായി. എന്നാൽ കുടിയേറ്റക്കാരുടെ തൊഴിലവസരങ്ങളിൽ 1.4 ശതമാനം കുറവുണ്ടായി. ഏകദേശം 4,52,000 തൊഴിലുകളാണ് നഷ്ടമായത്. കുടിയേറ്റം കുറയുമ്പോൾ, കുറഞ്ഞ വിദ്യാഭ്യാസം നേടിയ തദ്ദേശീയ തൊഴിലാളികളുടെ വേതനം ഉയർത്താൻ സാധിക്കുമെന്നും എന്നാൽ ഇത് കോളേജ് വിദ്യാഭ്യാസം നേടിയ അമേരിക്കക്കാരെ ദോഷകരമായി ബാധിക്കില്ലെന്നും കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നു. വിസകളുടെ എണ്ണം കുറയുന്നത് അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം മൊത്തത്തിലുള്ള തൊഴിലവസരങ്ങൾ കുറയ്ക്കുകയും സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്യുമെന്നും അവർ സൂചിപ്പിക്കുന്നു.

കുടിയേറ്റക്കാരെ കൂടുതലായി ആശ്രയിക്കുന്ന നിർമാണ, കൃഷി തുടങ്ങിയ മേഖലകളിൽ തൊഴിൽ വളർച്ച കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡുകളെ തുട‍ർന്ന് തൊഴിലാളികളെ തടങ്കലിൽ വെക്കുകയോ നാടുകടത്തുകയോ ചെയ്തത് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു.

ജൂണിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കാലിഫോർണിയയിലെ സെൻട്രൽ വാലിയിൽ വിളവെടുപ്പിന് എത്തിയ 70 ശതമാനം സീസണൽ തൊഴിലാളികൾക്കും ജോലി നഷ്ടമായെന്നാണ് റിപ്പോർട്ട്. ലൂയിസ്‍വില്ലെയിലെ ഒരു പ്ലാന്റിൽ നിന്ന് 125 പരിചയസമ്പന്നരായ തൊഴിലാളികളെ കുടിയേറ്റ നിയമം മൂലം പിരിച്ചുവിട്ടെന്നും ഇത് മിഷിഗണിലെ ഒരു ഫാക്ടറിയിൽ ഓവർടൈം ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിതരാക്കുന്നുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മുഴുവൻ സമയ നഴ്സുമാർ അധിക ഷിഫ്റ്റുകൾ എടുക്കേണ്ടി വരുന്നതിനാൽ 20 മുതൽ 30 ശതമാനം വരെ ലേബർ കോസ്റ്റ് വർധിച്ചു. എച്ച്1ബി വിസയിലുള്ളവരുടെ എക്സ്റ്റൻഷനുകൾ മേക്ക് അമേരിക്ക ഗ്രേറ്റ് അമേരിക്ക നയത്തിന്റെ ഭാഗമായ വിദേശ വിരുദ്ധ നിലപാട് കാരണം കൂടുതൽ ബുദ്ധിമുട്ടായിരിക്കുകയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എച്ച്1ബി വിസ പുതുക്കാനുള്ള നടപടികൾ കൂടുതൽ സങ്കീർണമാക്കിയതും വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയാണ്.