കാനഡയിലെ വാടക വിപണിയിൽ കഴിഞ്ഞ ഒരു വർഷമായി വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025-ലെ ഓരോ മാസവും ശരാശരി വാടക നിരക്കുകൾ മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. Rentals.ca, Urbanation എന്നിവർ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2025 ഡിസംബറിൽ അവസാനിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ 15 മാസമായി വാടക നിരക്കുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കാനഡയിലെ ശരാശരി വാടക നിരക്ക് ഡിസംബറിൽ 2,060 ഡോളറിലേക്ക് താഴ്ന്നു. ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025-ൽ മൊത്തത്തിൽ വാടക നിരക്കിൽ 3.1 ശതമാനം കുറവുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് ഉണ്ടായതിനേക്കാൾ വലിയ ഇടിവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.

വാടക കുറയാൻ പ്രധാനമായും നാല് കാരണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിൽ പുതിയ അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം റെക്കോർഡ് വേഗതയിൽ പൂർത്തിയായതാണ് ഇതിൽ പ്രധാനം. ഇതോടെ വിപണിയിൽ കൂടുതൽ വീടുകൾ ലഭ്യമായി. ജനസംഖ്യാ വളർച്ചയിലുണ്ടായ കുറവും സാമ്പത്തിക അനിശ്ചിതത്വവും ആളുകളുടെ സാമ്പത്തിക ശേഷിക്കുറവും വാടക കുറയാൻ കാരണമായി.

ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ തുടങ്ങിയ പ്രവിശ്യകളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. വാൻകൂവറിൽ വാടക 7.9 ശതമാനവും ടൊറന്റോയിൽ 5.1 ശതമാനവും കുറഞ്ഞു. ഈ നഗരങ്ങളിൽ 2022-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാടക നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്. അപ്പാർട്ട്മെന്റുകളുടെ ലഭ്യത വർദ്ധിച്ചതോടെ വാടകക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിച്ചു.

അതേസമയം സസ്കാച്ചവൻ, നോവ സ്കോട്ടിയ, മാനിറ്റോബ എന്നിവിടങ്ങളിൽ വാടകയിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സസ്കാച്ചവനിൽ 7.1 ശതമാനം വർദ്ധനവാണ് ഉണ്ടായത്. എങ്കിലും ദേശീയ ശരാശരിയിൽ വലിയ ഇടിവ് തന്നെയാണുള്ളത്. കോണ്ടോ അപ്പാർട്ട്മെന്റുകളുടെ വാടക നാലി ശതമാനത്തോളം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങൾ കാനഡയുടെ സാമ്പത്തിക രംഗത്ത് ചില ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പ്രവാസികളുടെയും താൽക്കാലിക താമസക്കാരുടെയും എണ്ണത്തിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരം ഘടകങ്ങൾ വരും മാസങ്ങളിലും വാടക നിരക്ക് കുറയാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ വാടക കുറയുന്നുണ്ടെങ്കിലും 2019-ലെ നിരക്കിനേക്കാൾ 14 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ വില. എങ്കിലും വാടകക്കാർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. വരും മാസങ്ങളിലും ഇതേ രീതിയിൽ വാടക കുറയുന്നത് തുടരുമെന്നാണ് അർബനേഷൻ പ്രസിഡന്റ് ഷോൺ ഹിൽഡെബ്രാൻഡ് പറയുന്നത്.