ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാൻ ശ്രമിച്ചാൽ മാത്രമേ അത് 2021ലെ നിയമപ്രകാരം കുറ്റകരമാകൂ.

രാം കേവൽ പ്രസാദും ഏതാനും പേരും ചേർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. സുൽത്താൻപുർ ജില്ലയിലെ ധാമാർ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 17ന് തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റാരോപിതർ കോടതിയെ സമീപിച്ചത്. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യു പി പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.