വെനസ്വേലയുടെ ക്രൂഡ് ഓയിൽ വാങ്ങാൻ ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് യുഎസിന്റെ ജനറൽ ലൈസൻസ് ലഭിച്ചെന്ന് റിപ്പോർട്ട്. റഷ്യൻ എണ്ണയ്ക്ക് പകരമായി ഇനി വലിയതോതിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് കഴിയും.
നേരത്തേ റിലയൻസ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ നിർത്തിയിരുന്നു. വെനസ്വേലയുടെ കട്ടിയേറിയ എണ്ണ സംസ്കരിക്കാൻ സാങ്കേതിക സൗകര്യങ്ങളുള്ളതാണ് റിലയൻസിന്റെ ഗുജറാത്തിലെ റിഫൈനറി. ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് ശേഷിയുള്ള പ്ലാന്റാണിത്.ജനറൽ ലൈസൻസ് ലഭിച്ചതോടെ ഇനി വെനസ്വേലൻ എണ്ണ ഉപരോധ ഭീഷണിയില്ലാതെ വാങ്ങാനും സംസ്കരിച്ച് കയറ്റുമതി ഉൾപ്പെടെ നടത്താനും റിലയൻസിന് കഴിയും. ഒരു വിദേശ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലൈസൻസ് ലഭിച്ചതിനെ കുറിച്ച് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയശേഷം, വെനസ്വേലയുടെ എണ്ണ വിപണി ഇനി യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉപരോധം കുറയ്ക്കുകയും ബില്യൻ കണക്കിന് ഡോളർ നിക്ഷേപമെത്തിച്ച് വെനസ്വേലൻ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.



