2026-ൻറെ തുടക്കത്തിൽ റെഡ്മി നോട്ട് 15 പുറത്തിറക്കിയതിന് പിന്നാലെ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്ലസും ഷവോമി ഇന്ത്യൻ വിപണിയിൽ എത്തിച്ചു. നോട്ട് 15 ന്റെ കരുത്ത് നിലനിർത്തിക്കൊണ്ട് തന്നെ ഡിസൈൻ, ക്യാമറ, പെർഫോമൻസ് എന്നിവയിൽ വലിയ മാറ്റങ്ങളുമായാണ് ഈ രണ്ടു ഫോണുകളും വരുന്നത്.

നോട്ട് 15 പ്രോയും പ്രോ പ്ലസും ഫ്ലാറ്റ് ഫ്രെയിം ഡിസൈനിലാണ് വരുന്നത്. നോട്ട് 15-ൽ കണ്ട സമാനമായ സ്‌ക്വിർക്കിൾ ക്യാമറ മൊഡ്യൂളാണ് പിൻ പാനലിൽ വരുന്നത്. ഉപഭോക്താക്കൾക്ക് ഗ്ലാസ് ബാക്ക് ഫിനിഷിലോ ടെക്സ്ചർ ചെയ്ത ലെതർ ഫിനിഷിലോ ഫോണുകൾ തിരഞ്ഞെടുക്കാം.

പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി  IP66, IP68, IP69, IP69K റേറ്റിംഗുകളും നോട്ട് 15 പ്രോയ്ക്കും പ്രോ പ്ലസിനും ഉണ്ട്. മുൻവശത്ത്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം ലഭിക്കും. രണ്ട് ഫോണുകളിലും 120Hz റിഫ്രഷ് റേറ്റും 3,200nits വരെ പീക്ക് ബ്രൈറ്റ്നസുമുള്ള 6.83 ഇഞ്ച് 1.5K ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറയുടെ സവിശേഷതകൾ

റെഡ്മി നോട്ട് 15 ൽ 108 മെഗാപിക്സൽ ക്യാമറയാണെങ്കിൽ പ്രോ മോഡലുകളിൽ ഇത് 200 മെഗാപിക്സലായി ഉയർത്തിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള പ്രധാന സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. രണ്ട് ഫോണുകളിലും 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. 

നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്ലസും തമ്മിലുള്ള പ്രധാന വ്യത്യാസം സെൽഫി ക്യാമറയുടെ കാര്യത്തിലാണ്. നോട്ട് 15 പ്രോയിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയുള്ളപ്പോൾ പ്രോ പ്ലസിൽ ഇത് 32 മെഗാപിക്സലാണ്.

പെർഫോമൻസും ബാറ്ററിയും

റെഡ്മി നോട്ട് 15 പ്രോ പ്ലസിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസർ ഉണ്ട്. നോട്ട് 15 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്സെറ്റാണുള്ളത്.

ബാറ്ററിയുടെ കാര്യത്തിൽ, റെഡ്മി നോട്ട് 15 പ്രോ പ്ലസിൽ 6,500mAh ബാറ്ററിയും, നോട്ട് 15 പ്രോയിൽ 6,580mAh ബാറ്ററിയും നൽകിയിരിക്കുന്നു. രണ്ടു ഫോണുകളും 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഇന്ത്യയിലെ വില

റെഡ്മി നോട്ട് 15 പ്രോയുടെ അടിസ്ഥാന 8 ജിബി / 128 ജിബി മോഡലിന് 29,999 രൂപയിൽ ആരംഭിക്കുന്നു. 8 ജിബി / 256 ജിബി വേരിയന്റിന് 31,999 രൂപയായിരിക്കും വില. നോട്ട് 15 പ്രോ പ്ലസിന്റെ 8 ജിബി/256 ജിബി വേരിയന്റിന് 37,999 രൂപ പ്രാരംഭ വിലയുണ്ട്. 12 ജിബി/256 ജിബി മോഡലിന് 39,999 രൂപയും, ടോപ്പ് എൻഡ് 12 ജിബി/512 ജിബി വേരിയന്റിന് 43,999 രൂപയുമാണ് വില.