കുട്ടികളുണ്ടാകാൻ പ്രയാസം നേരിടുമ്പോൾ മാത്രം വന്ധ്യതാ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണയായി സ്ത്രീകളാണ് അത്തരം പരിശോധനകൾക്ക് കൂടുതൽ വിധേയമാകാറുള്ളതും. എന്നാൽ ഏകദേശം 20% വന്ധ്യതാ കേസുകളിലും കാരണം പുരുഷൻമാരിലെ പ്രശ്നങ്ങളാണെന്നും മറ്റു 50% കേസുകളിൽ സ്ത്രീ-പുരുഷ ഘടകങ്ങൾ ഒരുപോലെ കാണാറുണ്ടെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

പുരുഷ വന്ധ്യതയുടെ ലക്ഷണങ്ങൾ പലപ്പോഴും നിശബ്ദമായിരിക്കാമെങ്കിലും, ശരീരം നൽകുന്ന സൂക്ഷ്മമായ സൂചനകൾ തിരിച്ചറിയുന്നത് കൃത്യസമയത്ത് ചികിത്സാ നേടാനും പ്രത്യുൽപാദന ശേഷി സംരക്ഷിക്കാനും സഹായിക്കും.

ഈ ലക്ഷണങ്ങൾ കണ്ടാൽ വന്ധ്യതയുണ്ടെന്ന് അർത്ഥമില്ല, എന്നാൽ ഒന്നിലധികം ലക്ഷണങ്ങൾ ഒരുമിച്ച് കാണുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണമെന്നും പ്രത്യുൽപാദന ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതായും ലഖ്‌നൗവിലെ ബിർള ഫെർട്ടിലിറ്റി & ഐവിഎഫിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ശ്രേയ ഗുപ്ത പറഞ്ഞു. ഗർഭധാരണ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം മാത്രം ഫെർട്ടിലിറ്റി പരിചരണം ആരംഭിക്കരുതെന്നും അവർ പരാമർശിച്ചു.