നോർത്താംപ്ടൺ: ഇന്ത്യ അണ്ടർ 19 ടീമിനായി മിന്നും പ്രകടനം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറിയും തികച്ചു. 31 പന്തിൽ നിന്ന് 86 റൺസെടുത്താണ് താരം മടങ്ങിയത്.

മഴ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 269 റൺസാണ് ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് തകർത്തടിച്ചു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. അതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധെസഞ്ചുറി നേടിയിരുന്നു.

31 പന്തിൽ നിന്ന് 86 റൺസെടുത്താണ് താരം പുറത്തായത്. ആറ് ഫോറുകളും ഒമ്പത് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഒരു അണ്ടർ 19 ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമായും വൈഭവ് മാറി. വൈഭവിന്റെ വെടിക്കെട്ടിൽ ഇന്ത്യ എട്ടോവറിൽ 111-ലെത്തി. 19 ഓവർ അവസാനിക്കുമ്പോൾ 184-4 എന്ന നിലയിലാണ് ടീം.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തിൽ 45 റൺസുമെടുത്തു.