ബാങ്കുകൾ സാമ്പത്തിക ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് തെറ്റായ രീതിയിൽ വിൽക്കുന്നത് (Mis-selling) തടയാൻ കർശനമായ കരട് നിയമങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമില്ലാത്ത ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ആർബിഐ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (കൊമേഴ്‌സ്യൽ ബാങ്ക്സ് – റെസ്‌പോൺസിബിൾ ബിസിനസ് കണ്ടക്ട്) അമെൻഡ്‌മെന്റ് ഡയറക്ഷൻസ് 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ ചട്ടങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

തെറ്റായ വിൽപ്പന തെളിയിക്കപ്പെട്ടാൽ ഉൽപ്പന്നത്തിനായി ഈടാക്കിയ മുഴുവൻ തുകയും ബാങ്കുകൾ ഉപഭോക്താവിന് തിരികെ നൽകേണ്ടി വരും. കൂടാതെ, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം ഉപഭോക്താവിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ നഷ്ടപരിഹാരവും നൽകണം.