വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മലയാളി റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലാബ് റിപ്പോർട്ട് ലഭിച്ചതോടെ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലുള്ള വേടന്റെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഈ മാല കണ്ടെത്തുന്നത്. അന്ന് ആറ് ഗ്രാം കഞ്ചാവുമായി വേടൻ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് വേടൻ ധരിച്ചിരുന്ന മാലയിലെ പല്ല് ശ്രദ്ധയിൽപ്പെട്ട പോലീസ് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് പുലിപ്പല്ലാണെന്ന് സൂചന ലഭിച്ചിരുന്നു.

തുടർന്ന് വേടനെതിരെ മൃഗവേട്ട നിരോധന നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ജാമ്യത്തിലാണ് താരം. 2022-ൽ ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകൻ തനിക്ക് സമ്മാനിച്ചതാണ് ഈ മാലയെന്നാണ് വേടൻ നൽകിയ മൊഴി. എന്നാൽ സോഷ്യൽ മീഡിയ വഴി മാത്രം പരിചയമുള്ള ഇയാളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ യുകെയിലേക്കോ ഫ്രാൻസിലേക്കോ കടന്നതായാണ് സൂചന.