തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.
ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന് കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.



