വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹത്തിന് പിന്നാലെ സ്പെഷൽ സർപ്രൈസ് ഗാനവുമായി ‘രണബാലി’ ടീം. ചിത്രത്തിൽ ഇരുവരുടേയും പ്രണയാ‍ര്‍ദ്ര നിമിഷങ്ങൾ കോർത്തിണക്കിയ ‘ഏൻന്തയ്യ സാമി…’ എന്ന മനോഹരമായ ഗാനത്തിന്‍റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. ഇരുവരുടേയും വിവാഹവും തുടർന്നുള്ള പ്രണയ നിമിഷങ്ങളുമൊക്കെ ഗാന രംഗത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഈ സ‍ർപ്രൈസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭൂതിയാണ് നൽകിയിരിക്കുന്നത്. തെലുങ്കിൽ ഏൻന്തയ്യ സാമി എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ എന്തേ കണ്ണാലേ, തമിഴിൽ യേദയ്യ സാമീ, കന്നഡയിൽ എനയ്യ സാമി എന്നും ഹിന്ദിയിൽ ഒ മേരി സാജൻ എന്നുമാണ് ആരംഭിക്കുന്നത്. അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ സിജു തുറവൂരിന്‍റേതാണ് വരികൾ, തമിഴിൽ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. ഹിന്ദിയിൽ ഷിദിജ് പട്‍വർദന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേർന്നാണ്.