നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

വിജയ്‌യുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ പി. വിഘ്നേഷ് എന്ന ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് ഗുരുതര പരിക്ക്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇതിന് മുൻപ് കരൂരിൽ നടന്ന റാലിയിൽ 27 പേർ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ മാസം സേലത്ത് നടന്ന റാലിയിലും തിരക്കിൽപെട്ട് ഒരാൾ മരിച്ചിരുന്നു.