പത്ത് സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 16-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച അറിയിച്ചു. ഫെബ്രുവരി 26-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

മാർച്ച് 5 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. മാർച്ച് 16-ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. അന്ന് വൈകിട്ട് 5 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെന്നും രാത്രിയോടെ ഫലം പുറത്തുവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഏപ്രിൽ 2-നും ഏപ്രിൽ 9-നും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ മഹാരാഷ്ട്രയിലാണ് (7 സീറ്റുകൾ). തമിഴ്നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അഞ്ച് വീതം ഒഴിവുകളുണ്ട്. ഒഡീഷയിൽ നാലും അസമിൽ മൂന്നും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് വീതവും ഹിമാചൽ പ്രദേശിൽ ഒരൊഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.