തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍. അപകടകരമായ ദിശാ സൂചനയാണിതെന്ന് മന്ത്രി പ്രതികരിച്ചു. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന്‍ ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്. പരിപാടി മാറ്റിയ കൃഷി വകുപ്പ് തീരുമാനത്തെ മന്ത്രി കെ രാജന്‍ പിന്തുണച്ചു. ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ രാജന്‍ പറഞ്ഞു.