രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി. പ്ലോട്ട് നമ്പർ G1/118B എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനത്തിനിടെയാണ് ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടവിവരമറിഞ്ഞ് ഭിവാഡി എസ്പി, തിജാര ഡിഎസ്പി ശിവരാജ് സിംഗ്, അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര മിശ്ര എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തിങ്കളാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഭിവാഡി, തിജാര എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയുടെ തീവ്രത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ സേനയെ വിന്യസിച്ചു. ഒന്നര മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്.