രാഹുലും യുവതിയുമായിട്ടുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബന്ധം തകരുമ്പോൾ അതു പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാനാകില്ല. ഗർഭച്ഛിദ്രം നടത്തിയത് പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
വാട്സ് ആപ്പ് ചാറ്റിൽ നിന്നും അങ്ങനെയാണ് മനസ്സിലാകുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകിയത്. ഇത് യുവതി ആവശ്യപ്പെട്ടതിനാലാണെന്ന് വാട്‌സ് ആപ്പ് ചാറ്റുകളിലുണ്ട്. രാഹുലിന്റെ നിർബന്ധപ്രകാരമാണോ ഗർഭച്ഛിദ്രം നടത്തിയതെന്നത് വിചാരണയിൽ വ്യക്തമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. ഫെബ്രുവരി 16ന് രാവിലെ 10 ന് രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.



