കൊച്ചി: ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറണമെന്ന തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പാസ്കോഡ് നൽകാൻ നിർദേശിച്ച ഫെബ്രുവരി 21-ലെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തത്. കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കണമെന്നും എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശത്തെ മാനിക്കണമെന്നുമുള്ള വാദങ്ങൾ കോടതി പരിശോധിച്ചു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രാഹുലിന്റെ രണ്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഫോണുകൾ തുറക്കാൻ പാസ്കോഡ് നൽകാൻ രാഹുൽ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.



