കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ജാമ്യം അനുവദിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയത് നിയമവിരുദ്ധമാണെന്ന് അതിജീവിത ഹർജിയിൽ ആരോപിച്ചു. കേസിന്റെ വസ്തുതകളിലേക്ക് കടന്നുള്ള പരാമർശങ്ങൾ ഹൈക്കോടതി നടത്തിയത് ശരിയല്ല. 

സാമൂഹികവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ അനുമതി നൽകിയത് തന്റെ ജീവന് വലിയ ഭീഷണിയാണെന്നും യുവതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനൊപ്പം ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ മരവിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സംഗക്കേസിലും നടപടികൾ വേഗത്തിലാകുന്നു. ഈ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് നൽകിയ ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേൾക്കും. 

കേസിൽ രേഖാമൂലം മറുപടി നൽകാൻ സമയം വേണമെന്ന് മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെയാണ് വാദം അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. രണ്ട് വ്യത്യസ്ത ബലാത്സംഗക്കേസുകളിലായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വലിയ നിയമക്കുരുക്കിലാണ് കഴിയുന്നത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ്. രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് ഈ നിയമപോരാട്ടം വഴിവെച്ചിരിക്കുന്നത്.