തിരുവനന്തപുരം: 2006-ൽ കെഎസ്യുവിൽ അംഗത്വമെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ച പൊടുന്നനെ ആയിരുന്നു. 16-ാം വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 18-ാം വർഷം എംഎൽഎയും. നോക്കിനിൽക്കേയുള്ള ഈ വളർച്ച താഴെത്തട്ടിലുള്ള പ്രവർത്തനത്തെക്കാളുപരി ചർച്ചകളിൽ എതിരാളികളെ അരിഞ്ഞിടാനുള്ള നാവിന്റെ മൂർച്ചയുടെ ബലത്തിലായിരുന്നു. ഒടുവിൽ അതേ നാവുതന്നെ അദ്ദേഹത്തിന്റെ വീഴ്ചയ്ക്കും കാരണമായി.
ചാനൽ ചർച്ചകളും സൈബർ ഇടങ്ങളുമായിരുന്നു യുവനേതാവായി ഉയർന്ന രാഹുലിന്റെ പ്രിയപ്പെട്ട ഇടം. ചാനൽ ഫ്ളോറുകളിലും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹം വിരുത് കാണിച്ചു. ഇതിലൂടെ ലഭിച്ച താരപരിവേഷമാണ് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് രാഹുലിനെ എത്തിച്ചത്.
എ ഗ്രൂപ്പിലായിരുന്നു തുടക്കമെങ്കിലും ഉമ്മൻ ചാണ്ടിയുടെ അവസാനകാലമായതോടെ ആ ഗ്രൂപ്പിന് പഴയ പ്രതാപം നഷ്ടമായി. ടി. സിദ്ദിക്കും ഷാഫിയും രാഹുലുമടക്കമുള്ളവർ പഴയ എ ഗ്രൂപ്പിൽ നിന്നകന്നു. കോൺഗ്രസിലും തലമുറമാറ്റം വന്നു. പുതിയ നേതൃത്വത്തിന്റെ പിന്നിൽ എ ഗ്രൂപ്പുമായി അകന്നവർ അണിനിരന്നു.
വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ഷൈലജയെ നേരിടാൻ ആരുണ്ടെന്ന ചോദ്യം എംഎൽഎയായ ഷാഫി പറമ്പിലിൽ ചെന്നെത്തിയത് പുതുതലമുറയിലുള്ള നേതൃത്വത്തിന്റെ വിശ്വാസം കൊണ്ടായിരുന്നു. പോരാട്ടം ജയിച്ചതോടെ പാർട്ടിയിലെ പുതുതലമുറയ്ക്ക് മുതിർന്ന നേതാക്കളുടെ മേൽ പ്രാമാണിത്വം ലഭിച്ചു തുടങ്ങി. താൻ ഒഴിഞ്ഞ പാലക്കാട് സീറ്റിൽ രാഹുലിനെ മത്സരിപ്പിക്കണമെന്ന വാശി ഷാഫി പറമ്പിലിന്റേതായിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവറുമായുള്ള ചർച്ചയുടെ വാതിൽ അടഞ്ഞുവെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചതിനുശേഷവും രാത്രിയിൽ അൻവറിനെ വീട്ടിൽപ്പോയി രാഹുൽ കണ്ടത് നേതൃത്വം കടുത്ത അച്ചടക്കലംഘനമായാണ് കണ്ടത്. ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി.
വയനാട് ദുരന്തത്തിന്റെ പേരിലുള്ള ഫണ്ടിനെക്കുറിച്ച് യൂത്ത് കോൺഗ്രസ് ക്യാമ്പിൽത്തന്നെ വിമർശനം ഉയർന്നു. മുതിർന്ന നേതാവ് പി.ജെ. കുര്യന്റെ വിമർശത്തിനുള്ള മറുപടി അഹങ്കാരത്തിന്റെ ഭാഷയിലാണെന്ന പരാതി ഉയർന്നു. അധികംവൈകാതെ രാഹുലിനെതിരേ ഒന്നിനുപിന്നാലെ ഒന്നായി ആരോപണങ്ങൾ ഉയർന്നുതുടങ്ങി. തത്കാലം എംഎൽഎ സ്ഥാനത്തു പിടിച്ചുനിൽക്കാമെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കിട്ടുന്നതൊക്കെ ചോദ്യചിഹ്നമാകും.