റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ വിരുന്നിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ പട്ക ധരിക്കാതിരുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഈ നടപടി അങ്ങേയറ്റം അപമാനകരവും വടക്കുകിഴക്കൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ബിജെപി ആരോപിച്ചു.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്സിലൂടെ (X) ഈ വിവാദത്തിന് തുടക്കമിട്ടത്. വിരുന്നിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ അഭ്യർത്ഥിച്ചിട്ടും രാഹുൽ ഗാന്ധി പട്ക ധരിക്കാൻ തയ്യാറായില്ലെന്ന് മാളവ്യ അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ യൂറോപ്യൻ യൂണിയൻ നേതാക്കളും വിദേശ നയതന്ത്രജ്ഞരും വരെ വടക്കുകിഴക്കൻ സംസ്കാരത്തോടുള്ള ആദരസൂചകമായി പട്ക ധരിച്ചപ്പോൾ രാഹുൽ ഗാന്ധി മാത്രം ഇത് നിരാകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പട്ക ധരിച്ച ചിത്രം പങ്കുവെച്ച മാളവ്യ, രാഹുൽ മാത്രം പട്കയില്ലാതെ നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി ഇത് വടക്കുകിഴക്കൻ ഇന്ത്യയോടുള്ള അവഗണനയാണെന്ന് കുറിച്ചു.



