തിരുവനന്തപുരം: ശിവഗിരി മഠത്തിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം മഠത്തില്‍ ചെലവഴിച്ച രാഹുല്‍ ശ്രീനാരായണ ഗുരുദേവ സമാധിയിൽ ദർശനം നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലും ശിവഗിരി മഠത്തിന്റെ നിലപാട് രാഹുലിനെ അറിയിച്ചതായി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ടുപോകുകയാണെന്നും അവരെ കൂടി പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ രാഹുലിനോടു പറഞ്ഞു.
ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം രേഖാമൂലം രാഹുലിനു നൽകുകയും ചെയ്തു. അതേസമയം പേരുകളോ മണ്ഡലങ്ങളോ മഠം നിർദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
എംപിമാരായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.



