ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയാ ഗാന്ധിയെ പരിചരിച്ച മലയാളി നഴ്സിനെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉറങ്ങാതെ കഴിഞ്ഞ രാത്രിയിലുടനീളം തൻറെ മാതാവിനെ അവർ പരിചരിക്കുകയായിരുന്നു. മലയാളി നഴ്സിന്റെ സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച അദ്ദേഹം, ഇതാണ് ‘കേരളത്തിന്റെ കരുത്ത്’ എന്ന് വിശേഷിപ്പിച്ചു.
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച കോഴിക്കോട് നടന്ന കോൺഗ്രസ് റാലിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരുന്നില്ല. എന്നാൽ സദസിനെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ആശുപത്രിയിലെ തൻറെ വ്യക്തിപരമായ അനുഭവം രാഹുൽ പങ്കുവെച്ചത്.



