ഭോപാൽ:∙മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ, സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.