വശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം നൽകി അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാല. പാലക് പനീർ മൈക്രോവേവ് ഓവനിൽ ചൂടാക്കിയതിനെ തുടർന്നാണ് ആദിത്യ പ്രകാശും ഊർമ്മി ഭട്ടാചാര്യയും വശീയാധിക്ഷേപത്തിനിരയായത്. 2023 സെപ്തംബറിലാണ് സംഭവം നടന്നത്. പ്രകാശ് തന്‍റെ ലഞ്ച് ഡിപ്പാർട്ട്മെന്‍റ് മൈക്രോവേവിൽ ചൂടാക്കുന്നത് സ്റ്റാഫ് മെമ്പർ എതിർക്കുകയായിരുന്നു. പ്രകാശിന്‍റെ ഭക്ഷണത്തിന് രൂക്ഷമായ ഗന്ധമാണെന്നായിരുന്നു ആരോപണം. എന്നാൽ ഇതെന്‍റെ ഭക്ഷമാണ്, ഞാനിത് ചൂടാക്കുന്നു പോകുന്നു എന്നാണ് പ്രകാശ് പ്രതികരിച്ചത്.
യൂണിവേഴ്സ്റ്റിയുടെ വിവേചനാത്മകമായ നീക്കത്തിനെതിരെ പ്രകാശ് പ്രതികരിച്ചതോടെ ഇവർക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകുകയായിരുന്നു. യൂണിവേഴ്സിറ്റിയിലെ സ്റ്റാഫുകൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പെരുമാറിയെന്നാരോപിച്ച് പ്രകാശിനെ തുടർച്ചയായി സീനിയർ ഫാക്വൽറ്റി മീറ്റിങ്ങുകളിലേക്ക് വിളിപ്പിക്കുകയുണ്ടായി. യാതൊരു വിശദീകരണവുമില്ലാതെ ഊർമ്മി ഭട്ടാചാര്യയെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് കൊളറാഡോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിൽ യൂണിവേഴ്സിറ്റിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്. രണ്ടു വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി ഒത്തുതീർപ്പിലെത്തി. 1.8 കോടിരൂപ നൽകിയെങ്കിലും യൂണിവേഴ്സിറ്റിയിൽ തുടർ പഠനം നടത്താനോ ജോലി ചെയ്യാനോ ഇവർക്കിനി കഴിയില്ലെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. ഒരു മാസം മുമ്പ് ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി.



