പശ്ചിമേഷ്യൻ യുദ്ധം സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെ പൂർണ്ണമായും തകർക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന അങ്ങോട്ടുമിങ്ങോട്ടുമുള്ള ആക്രമണങ്ങൾ ആഗോള സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇസ്രായേലിലെ ഹൈഫയിലും കാസ്പിയൻ കടലിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.
ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഖത്തറിന്റെ എൽ എൻ ജി കയറ്റുമതിയുടെ 17 ശതമാനം ഉൽപ്പാദിപ്പിക്കുന്ന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഖത്തർ എനർജി സി ഇ ഒ സാദ് അൽ കഅബി റോയിട്ടേഴ്സിനോട് പറഞ്ഞു. റമദാൻ മാസത്തിൽ ഒരു സഹോദര മുസ്ലിം രാജ്യത്തിൽ നിന്നും ഇത്തരം ഒരു ആക്രമണം ഖത്തർ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 26 ബില്യൺ ഡോളർ ചെലവിട്ട് നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളാണ് തകർന്നത്. ഇത് നന്നാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റലി, ബെൽജിയം, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘകാല വിതരണ കരാറുകൾ അടിയന്തര സാഹചര്യം പ്രഖ്യാപിച്ച് റദ്ദാക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ നിർത്തണമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ആവശ്യപ്പെട്ടു. അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിടുന്നു എന്ന ഇറാന്റെ വാദം ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം വ്യാപിക്കുന്നത് തടയാൻ ഇറാനോട് ആവശ്യപ്പെട്ടതായി തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാനും പറഞ്ഞു.
ആക്രമണ ഭീഷണികളെത്തുടർന്ന് ഖത്തറിലും ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിതമായ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കെ എൽ എം എയർലൈൻസ് ദുബൈ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ മെയ് പകുതി വരെ നിർത്തിവെച്ചു. ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിമാനക്കമ്പനികളും സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇസ്രായേലിലെ ഹൈഫയിലുള്ള ബസാൻ ഗ്രൂപ്പ് എണ്ണ ശുദ്ധീകരണ ശാലയിൽ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്റാഈൽ ഊർജ്ജ മന്ത്രി എലി കോഹെൻ സ്ഥിരീകരിച്ചു. ഒരാൾക്ക് നിസ്സാര പരിക്കേറ്റതായി മാഗൻ ഡേവിഡ് അദോം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ കേടുപാടുകളില്ലെന്നും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു.
ഇതിന് മറുപടിയായി കാസ്പിയൻ കടലിലെ ഇറാനിയൻ നാവിക കേന്ദ്രങ്ങളിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തി. ഡസൻ കണക്കിന് കപ്പലുകൾ നങ്കൂരമിട്ടിരുന്ന നാവിക തുറമുഖത്താണ് ആക്രമണം നടന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളും അന്തർവാഹിനി വേധ ആയുധങ്ങളുമുള്ള കപ്പലുകൾ തകർത്തതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.
ഇറാന്റെ സൗത്ത് പാർസ് വാതകപ്പാടത്തിൽ ഇസ്റാഈൽ നടത്തിയ ആക്രമണം അമേരിക്കയുടെ പൂർണ്ണ അറിവോടെയാണെന്ന് മൂന്ന് ഇസ്റാഈൽ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. എന്നാൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞു. ഇസ്റാഈൽ ഇറാന്റെ ഭരണനേതൃത്വത്തെ ലക്ഷ്യമിടുമ്പോൾ, അമേരിക്ക ഇറാന്റെ നാവികസേനയെയും മിസൈൽ സംവിധാനങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. ഖാർഗ് ദ്വീപിലെ ആക്രമണത്തോടെ ഇറാന്റെ വിധി അമേരിക്കയുടെ നിയന്ത്രണത്തിലായെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.



