മുംബൈ: ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കാനൊരുങ്ങി രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’. തിയേറ്ററുകളിൽ നാല് ആഴ്ച പിന്നിടുമ്പോൾ, അല്ലു അർജുന്റെ ‘പുഷ്പ 2’ന്റെ റെക്കോർഡ് തകർക്കാൻ ചിത്രത്തിന് ഇനി വേണ്ടത് കേവലം 135 കോടി രൂപ മാത്രം. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയിലേക്ക് ധുരന്ധർ 2 അടുക്കുകയാണ്.
ഇതുവരെയുള്ള പ്രകടനം
പ്രദർശനത്തിന് എത്തി 28 ദിവസങ്ങൾ പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്ന് മാത്രം 1099.72 കോടി രൂപയാണ് ചിത്രം അറ്റാദായമായി നേടിയത്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 1316.45 കോടിയാണ്. വിദേശ വിപണികളിൽ നിന്ന് 416.75 കോടി ഉൾപ്പെടെ ആഗോളതലത്തിൽ ചിത്രം 1733.20 കോടി രൂപ സ്വന്തമാക്കിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 1234.10 കോടി രൂപയുമായി പുഷ്പ 2 ആണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒന്നാമത്.



