കൊച്ചി: ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് കോടതിയെ സമീപിച്ചത്.
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് പൾസർ സുനി അപ്പീലിൽ പറയുന്നു.
ഫോൺ ഇതുവരെ കണ്ടെത്തതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി ഹർജിയിൽ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.



