തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് സ്ഥലവും സമയവും തീരുമാനിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഏതു ദിവസമായാലും താൻ സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണ്.
പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി.ശിവൻകുട്ടി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖർ തയാറാണെങ്കിൽ 29ന് രാവിലെ 10 മുതൽ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാൽ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി 29ന് സംവാദത്തിനു ക്ഷണിച്ചതെന്നും അത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസം സംവാദം ആകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.



