വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ നടപടിയിൽ കാനഡയിൽ ശക്തമായ പ്രതിഷേധം. ഒട്ടാവയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. വെനിസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അമേരിക്ക ഉടൻ പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് വെനിസ്വേലയിൽ വ്യോമാക്രമണവും സൈനിക നീക്കവും നടന്നത്. നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈന്യം പിടികൂടി ന്യൂയോർക്കിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെമ്പാടും അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമായത്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ അമേരിക്ക സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വെനിസ്വേലയിലെ എണ്ണ സമ്പത്ത് കൈക്കലാക്കാനാണ് ട്രംപിന്റെ നീക്കമെന്നും ഇവർ പറഞ്ഞു. കൈ എടുത്തു മാറ്റൂ വെനിസ്വേലയിൽ നിന്ന് എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടന്നത്.



