മൂന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 2026 ഏപ്രിൽ 13 തിങ്കളാഴ്ച നടന്ന മാർച്ചിൽ പോലീസ് ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ കോളേജ് ക്യാമ്പസിനുള്ളിലേക്ക് ഇരച്ചുകയറി. വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പോലീസ് തടസ്സം മറികടന്ന് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ച പ്രവർത്തകർ കോളേജ് ഗേറ്റ് ചാടിക്കടന്ന് മുൻവശത്തെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. കോളേജ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ തടയുകയായിരുന്നു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.



