ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നായകനായ ജനനായകൻ സിനിമയുടെ സെൻസർ പതിപ്പ് ചോർന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ് സിനിമാലോകം.
കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് സൂപ്പർതാരം രജനികാന്ത് ആവശ്യപ്പെട്ടു. സിനിമ ചോർന്നത് ഞെട്ടലും വേദനയുമുളവാക്കുന്ന സംഭവമാണ്. സിനിമാലോകം ഒന്നടങ്കം ഇതിനെതിരേ പ്രതിഷേധിക്കണം.
കുറ്റക്കാർക്കെതിരേ സർക്കാർ കർശന നടപടിയെടുക്കണമെന്നും രജനികാന്ത് എക്സിൽ ആവശ്യപ്പെട്ടു. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കലയ്ക്കും കലാകാരനും നേരേയുള്ള ആക്രമണമാണെന്ന് കമൽഹാസൻ പറഞ്ഞു.
ചോർന്നത് സ്വാഭാവികമല്ലെന്നും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയമാണ് തെളിയിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരുസംഘത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കുന്നതാണ് സംഭവമെന്ന് നടൻ സൂര്യ പ്രതികരിച്ചു.
ഓൺലൈനിൽ വന്ന സിനിമ ആരും കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും നടൻ അഭ്യർഥിച്ചു. ജനനായകൻ സിനിമ സംഘത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും സൂര്യ പറഞ്ഞു.
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുൾപ്പെടെ മറ്റ് നിരവധി സിനിമാപ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.വിജയ്യുടെ അവസാന ചിത്രമെന്ന് പേരിൽ ശ്രദ്ധനേടിയ ജനനായകൻ സിനിമയുടെ പതിപ്പ് പലഭാഗങ്ങളായാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽകാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്ഡി പതിപ്പുകളാണ് അനധികൃതമായി പുറത്തുവന്നിരിക്കുന്നത്.



