സംസ്ഥാനത്ത് സ്വർണ്ണവില പവന് ലക്ഷത്തിനുമുകളിൽ തുടരുന്ന സാഹചര്യത്തിൽ സ്വർണ്ണ വ്യാപാരശാലകൾക്ക് സുരക്ഷാ ഭീഷണി വർദ്ധിക്കുന്നതായി റിപ്പോർട്ട്. പട്ടാപ്പകൽ പോലും കടകളിൽ അതിക്രമിച്ചു കയറി മുളകുപൊടി സ്പ്രേ നടത്തി സ്വർണം തട്ടിയെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി. സ്വർണ്ണ വ്യാപാര മേഖലയിലെ ആശങ്ക പരിഗണിച്ച് രാത്രികാല പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഉന്നതതല നിർദ്ദേശം നൽകി.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സേതു കെ. സി. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും (SDPO) ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണ്ണ വ്യാപാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.



