സമൂഹമാധ്യമങ്ങളിൽ തരംഗമായ പ്രൊപ്പോസിങ് വീഡിയോയിലെ നായകനായ യുവ കരസേനാ ക്യാപ്റ്റനെതിരെ ഇന്ത്യൻ ആർമി വിശദീകരണം തേടി. സൈനിക അച്ചടക്കത്തിന് നിരക്കാത്ത രീതിയിലാണ് ആർമി പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് പെരുമാറിയതെന്നാണ് കരസേനയുടെ വിലയിരുത്തൽ. യൂണിഫോം ധരിച്ചിരിക്കുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ  ഓഫീസർ ലംഘിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ.

നാസിക്കിലെ കോംപാക്ട് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിലെ  പാസിങ് ഔട്ട് പരേഡ് ദിവസമായിരുന്നു രാജ്യം മുഴുവൻ ചർച്ച ചെയ്ത ഈ പ്രൊപ്പോസൽ നടന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും നോക്കിനിൽക്കെയായിരുന്നു ക്യാപ്റ്റൻ ഭരത് ഭരദ്വാജ് തന്റെ പെൺസുഹൃത്തിനെ പ്രൊപ്പോസ് ചെയ്തത്.

ഔദ്യോഗിക സൈനിക യൂണിഫോം ധരിച്ച്, പങ്കാളിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് മോതിരം നീട്ടിയാണ് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തിയത്.ഒരു സൈനിക ഹെലികോപ്റ്ററിന് മുൻപിൽ വെച്ചായിരുന്നു ഈ പ്രണയാഭ്യർത്ഥന.

ക്യാപ്റ്റൻ ഭരത് ഭരദ്വാജ് വിവാഹാഭ്യർത്ഥന നടത്തിയതിലല്ല കരസേനയ്ക്ക് വിയോജിപ്പുള്ളത്. മറിച്ച്, അതിനായി അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലവും ഔദ്യോഗിക പരേഡ് സമയവുമാണ് സേനയെ ചൊടിപ്പിച്ചത്. അതീവ സുരക്ഷയുള്ള സൈനിക മേഖലയിലും ഔദ്യോഗിക ചടങ്ങുകൾക്കിടയിലും ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുന്നത് അച്ചടക്ക ലംഘനമായിട്ടാണ് സേന കണക്കാക്കുന്നത്.

എങ്കിലും, യുവ സൈനിക ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം ചോദിക്കുന്നതിലേക്ക് മാത്രമായി നടപടികൾ ഒതുക്കാനാണ് കരസേനയുടെ തീരുമാനം.