അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിക്കവെ, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വ്യാപാര രേഖകൾ ആൻഡ്രൂ എപ്‌സ്റ്റീന് ചോർത്തി നൽകിയതായാണ് പുതിയ ഇമെയിൽ രേഖകൾ സൂചിപ്പിക്കുന്നത്.

2010-ൽ വിയറ്റ്‌നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോർട്ടുകളാണ് ആൻഡ്രൂ എപ്‌സ്റ്റീന് ഇമെയിൽ വഴി അയച്ചുകൊടുത്തത്. ബ്രിട്ടന്റെ വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലഭിച്ച വിവരങ്ങൾ ഒരു കുറ്റവാളിയുമായി പങ്കുവെച്ചു എന്നത് ഗൗരവകരമായ ആരോപണമായി ഉയർന്നു കഴിഞ്ഞു.

എപ്‌സ്റ്റീനുമായുള്ള സൗഹൃദം നേരത്തെ തന്നെ ആൻഡ്രൂവിന് തന്റെ രാജകീയ പദവികളും സൈനിക ബഹുമതികളും ഔദ്യോഗിക വസതിയും നഷ്ടപ്പെടാൻ കാരണമായിരുന്നു. പുറത്തുവന്ന പുതിയ ഫയലുകളോട് ആൻഡ്രൂ രാജകുമാരൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മുൻപ് നേരിട്ട ആരോപണങ്ങളിലെല്ലാം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. അമേരിക്കയിൽ പുറത്തുവിട്ട ഏറ്റവും പുതിയ എപ്‌സ്റ്റീൻ ഫയലുകളിലാണ് ഈ ഇമെയിൽ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ചാൾസ് രാജാവിന്റെ സഹോദരനായ ആൻഡ്രൂ (65), എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി കടുത്ത നിയമസമ്മർദ്ദവും പൊതുജനവിമർശനവും നേരിട്ടുവരികയാണ്.