82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും (ആർ.ആർ.ടി.എസ്) ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസായ മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മേഖലാതലത്തിലുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഈ പദ്ധതികൾ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാടിന് സമർപ്പിക്കുന്നത്. ഇതിൽ ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള 5 കിലോമീറ്റർ ഭാഗവും, മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ ഭാഗവും ഉൾപ്പെടുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്ത ആർ.ആർ.ടി.എസ്, സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് തുടങ്ങിയ പ്രധാന നഗരങ്ങളെ ഡൽഹിയുമായി അതിവേഗത്തിൽ ബന്ധിപ്പിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.