രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമേകി 37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പാരസെറ്റാമോൾ, അമോക്‌സിലിൻ, മെറ്റ്ഫോർമിൻ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇതോടെ വില കുറയും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) ഏറ്റവും പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, മാനസിക രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക് മരുന്നുകളും വില കുറച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകൾക്കും വില കുറയും.
അസെക്ലോഫെനാക്, ട്രിപ്‌സിൻ കൈമോട്രിപ്‌സിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിൻ, സിറ്റാഗ്ലിപ്റ്റിൻ, കുട്ടികൾക്ക് നൽകുന്ന തുള്ളി മരുന്നുകൾ, വൈറ്റമിൻ ഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയ നിരവധി മരുന്നുകൾക്ക് വില കുറയും.
മുൻവർഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് അവശ്യ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. നിശ്ചയിച്ച ഈ വിലകൾ ചരക്ക് സേവന നികുതി (GST) ഒഴികെയുള്ളതാണെന്ന് NPPA വ്യക്തമാക്കിയിട്ടുണ്ട്.
പുതുക്കിയ വിലവിവര പട്ടികകൾ ചില്ലറ വ്യാപാരികളും ഡീലർമാരും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ നിർബന്ധമാക്കിയിട്ടുണ്ട്. നിശ്ചയിച്ച വിലയിൽ കൂടുതൽ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും, അങ്ങനെയുള്ളവർക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ ഊന്നിപ്പറയുന്നുണ്ട്. ഈ തീരുമാനം രാജ്യത്തെ ലക്ഷക്കണക്കിന് രോഗികൾക്ക് സാമ്പത്തികപരമായ വലിയൊരു ആശ്വാസമാകും.