കോഴിക്രോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പൂവത്തുംചാൽ സ്വദേശി ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പേരാമ്പ്രയ്ക്ക് സമീപമുള്ള ചെറുവണ്ണൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായതെന്ന് മേപ്പയൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഭർത്താവ് ലാലു അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, സോനയെ കാറിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ തീ അണച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല.

സോനയെ ആശുപത്രിയിൽ കാണിച്ച്‌ മടങ്ങുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. വീടിന്‌ സമീപമെത്താറാകുന്പോഴാണ്‌ ഉഗ്രസ്‌ഫോടനത്തോടെ കാറിന്‌ തീപിടിച്ചത്‌. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. തൊട്ടടുത്ത നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്‌.