പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടെ ആദ്യമായി, ഈശോയുടെ തിരുരക്തത്തിന്റെ തിരുശേഷിപ്പ് മാന്റുവയിലെ സെന്റ് ആൻഡ്രിയ ബസിലിക്കയിൽ നിന്ന് റോമിലെത്തി. നവംബർ 17 മുതൽ 25 വരെയാണ് ലോറോയിലെ സാൻ സാൽവത്തോർ ദൈവാലയത്തിൽ ഈ അമൂല്യമായ തിരുശേഷിപ്പ് സൂക്ഷിക്കുന്നത്. തീർഥാടകർ, ചരിത്രപ്രേമികൾ, സന്ദർശകർ എന്നിവർക്ക് പ്രത്യേക വണക്കത്തിനായുള്ള അവസരവും കൂടിയാണ് ഇത്.
പാരമ്പര്യമനുസരിച്ച്, കുരിശിൽ കിടക്കുന്ന സമയത്ത് ഈശോയുടെ വിലാപ്പുറത്ത് കുത്തിയ പട്ടാളക്കാരനായ ലോഞ്ചിനസാണ് ഈ തിരുശേഷിപ്പ് കൊണ്ടുവന്നത്. ക്രിസ്തുവിന്റെ രക്തത്താൽ കുതിർന്ന മണ്ണ് അദ്ദേഹം ശേഖരിച്ച് മാന്റുവയിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു.
ഒരാഴ്ചത്തെ തിരുശേഷിപ്പ് പ്രദർശനം, നവംബർ 25 ന് വൈകുന്നേരം ആറുമണിക്ക് കർദിനാൾ മാരിയോ ഗ്രെച്ചിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ അവസാനിക്കും.



