ആഗോളതലത്തിൽ സംഘർഷങ്ങളും യുദ്ധഭീതിയും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മാർച്ച് മാസത്തിൽ ആയുധ നിർവ്യാപനത്തിനും സമാധാനത്തിനുമായി പ്രത്യേകം പ്രാർഥിക്കാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ആയുധങ്ങൾ ഉപേക്ഷിക്കാനും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

വിനാശകാരികളായ ആയുധങ്ങൾ, പ്രത്യേകിച്ച് ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനായി ലോകരാഷ്ട്രങ്ങൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ച. അക്രമത്തിന്റെ പാത വെടിഞ്ഞ് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകനേതാക്കൾ മുന്നോട്ടുവരണമെന്നും പാപ്പ സന്ദേശത്തിൽ പറഞ്ഞു. ആയുധങ്ങൾക്കായി ചിലവഴിക്കുന്ന കോടിക്കണക്കിന് രൂപ ദാരിദ്ര്യനിർമ്മാർജനത്തിനും മാനവികതയുടെ വളർച്ചയ്ക്കുമായി ഉപയോഗപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു.