ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കൃത്യവും സത്യസന്ധവുമായ രീതിയിൽ ഏവരിലേക്കുമെത്തിക്കുന്നതിലൂടെ മാധ്യമപ്രവർത്തകർ പൊതുസമൂഹത്തിന് ചെയ്യുന്നത് പ്രധാനപ്പെട്ട ഒരു സേവനമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഗാസാ, ഉക്രൈൻ തുടങ്ങിയ ഇടങ്ങളിലെ സംഘർഷമേഖലകളിൽ നടക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ തീവ്രത, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യമില്ലെങ്കിൽ നാം അറിയുകയില്ലായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തനം എന്നത് കുറ്റകരമായ ഒന്നല്ലെന്നും, യുദ്ധമേഖലകളിൽനിന്നുൾപ്പെടെ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ സ്വാതന്ത്രരാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. തങ്ങളുടെ മുപ്പത്തിയൊൻപതാമത് കോൺഫറൻസിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മൈൻഡ്സ് എന്ന പ്രമുഖ വാർത്താ ഏജൻസികളുടെ അന്താരാഷ്ട്ര അസോസിയേഷൻ (MINDS International) പ്രതിനിധികൾക്ക് ഒക്ടോബർ 9-ന് വത്തിക്കാനിൽ അനുവദിച്ച ഒരു കൂടിക്കാഴ്ചയിലാണ് മാധ്യമപ്രവർത്തകരുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങൾ മുന്നിൽ വച്ച് വാർത്തകൾ തടഞ്ഞുവയ്ക്കുന്നതിലെയും, അവയിൽ കൃത്രിമത്വം കാണിക്കുന്നതിലെയും തെറ്റ് എടുത്തുപറഞ്ഞ പാപ്പാ, എത്രമാത്രം സമ്മർദ്ധങ്ങൾ ഉണ്ടായാലും വാർത്തകളും വിവരങ്ങളും ശരിയായ രീതിയിലും, ധാർമ്മികമൂല്യത്തോടെയും മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ വിളിയിൽ ഉറച്ചുനിൽക്കാൻ മാധ്യമപ്രവർത്തകരെ ആഹ്വാനം ചെയ്തു.
വാർത്താവിനിമയരംഗത്ത് വലിയ വളർച്ചയുള്ള ഇക്കാലം, മാധ്യമങ്ങളും വാർത്താ ഏജൻസികളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒന്നുകൂടിയാണെന്ന് പാപ്പാ അനുസ്മരിച്ചു. എന്നാൽ പലയിടങ്ങളിലും സത്യവും നുണയും തമ്മിലുള്ള വേർതിരിവ് വ്യക്തമല്ലാതായി വരുമ്പോൾ, വാർത്തകളുടെ സ്വീകർത്താക്കൾ ഒരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചേരുകയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതേസമയം നിരവധിയിടങ്ങളിൽനിന്ന് വാർത്തകളും വിവരങ്ങളും ലഭ്യമാകുന്ന ഇക്കാലത്ത്, അജ്ഞതയിൽ തുടരാൻ ആർക്കും സാധിക്കില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഉത്തരവാദിത്വപരമായ റിപ്പോർട്ടിങ്ങിലൂടെയും ആളുകളും മാധ്യമപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിലൂടെയും ഏവർക്കും ലഭ്യമാക്കേണ്ട ഒരു പൊതുസേവനമാണ് മാധ്യമപ്രവർത്തനം എന്ന് പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു.
ഇന്നത്തെ സത്യാനന്തരലോകത്ത് സത്യം മുറുകെപ്പിടിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. സത്യവും മിഥ്യയും തമ്മിലും, വസ്തുതകളും കെട്ടുകഥകളും തമ്മിലുമുള്ള അകലം ഇല്ലാതാകുന്ന “സമഗ്രാധിപത്യത്തിന്റെ” ഇക്കാലത്ത്, ഉത്തരവാദിത്വപെട്ടതും, കൃത്യവുമായ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അവ തമ്മിലുള്ള അന്തരം നിലനിർത്താൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആശയവിനിമയ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്വവും വസ്തുനിഷ്ഠതാപരമായ ആശയകൈമാറ്റവും അനിവാര്യമാണെന്നും, ലോകത്തിന് സ്വതന്ത്രവും, കൃത്യവും, സത്യസന്ധവുമായ വിവരങ്ങളാണ് നൽകേണ്ടതെന്നും പരിശുദ്ധ പിതാവ് മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിച്ചു.