ഒക്ടോബർ 8 ബുധനാഴ്ച മുതൽ റോമിൽ ആരംഭിച്ച സമർപ്പിതർക്കായുള്ള ജൂബിലിയിൽ, സമർപ്പിതർ ‘വിശുദ്ധിയ്ക്കു വേണ്ടി വിശക്കുന്നവരായിരിക്കണം’ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ പുരുഷന്മാരും സ്ത്രീകളുമായ സമർപ്പിതർ വത്തിക്കാനിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഈ വ്യാഴാഴ്ച നടന്ന ദിവ്യബലിക്ക് ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി.
ജൂബിലിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്തശേഷം, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ വാക്യം ധ്യാനിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം ആരംഭിച്ചത്: “ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്ക് തുറന്നുകിട്ടും” (ലൂക്ക 11:9). ഈ വാക്കുകളോടെ, “നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാൻ യേശു നമ്മെ ക്ഷണിക്കുന്നു” എന്ന് അദ്ദേഹം വിശദീകരിച്ചു. സമർപ്പിതരായ വ്യക്തികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഓരോരുത്തരും അവരവരുടെ വിളി ഓർമ്മിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.