കാസിൽ ഗാൻഡോൾഫോയിൽ നിന്ന് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യയാത്ര നടത്തിയത് പേപ്പൽ വില്ലകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന അൽബാനോയിലെ പുവർ ക്ലയേഴ്സിന്റെ അമലോത്ഭവ കൺസെപ്ഷൻ ആശ്രമം സന്ദർശിക്കാനാണ്. കാരാബിനിയേരി സ്റ്റേഷനിലെ ചാപ്പലിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം, ലെയോ മാർപാപ്പ എല്ലാ ദിവസവും തനിക്കുവേണ്ടി പ്രാർഥിക്കുന്ന സന്യാസിനിമാരെ കാണാൻ എത്തി. സന്യാസിനിമാർ പാപ്പയെ ഊഷ്മളമായി സ്വീകരിച്ചു.
പാപ്പ കോൺവെന്റ് ചാപ്പലിൽ അൽപ്പസമയം പ്രാർഥിച്ചു. തുടർന്ന് സന്യാസിനിമാർ ഓരോരുത്തരെയും അഭിവാദ്യം ചെയ്തു. മാർപാപ്പയ്ക്കുവേണ്ടിയും, സഭയ്ക്കുവേണ്ടിയും, വത്തിക്കാൻ നഗരം മുഴുവനും വേണ്ടിയും പ്രാർഥിക്കുക എന്നതാണ് സെന്റ് ക്ലെയർ സിസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട ദൗത്യം. “സഭ നിങ്ങളുടെ ജീവിതത്തെ അറിയുന്നത് മനോഹരമാണ് കാരണം അത് വിലപ്പെട്ട ഒരു സാക്ഷ്യമാണ്,” പാപ്പ പറഞ്ഞു.
1631-ൽ ഊർബൻ എട്ടാമൻ പാപ്പയുടെ കാലത്ത് സ്ഥാപിതമായതാണ് അൽബാനോയിലെ സെന്റ് ക്ലെയർ സിസ്റ്റേഴ്സിന്റെ ആശ്രമം. ആശ്രമത്തിന്റെ ആരംഭം മുതൽ പരിശുദ്ധ സിംഹാസനവുമായി ഒരു പ്രത്യേക ബന്ധം നിലനിർത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി അസീസിയിലെ വി. ക്ലാരയുടെ ചൈതന്യത്തോട് വിശ്വസ്തത പുലർത്തിക്കൊണ്ട്, സന്യാസിനിമാർ ഈ ആശ്രമത്തിൽ നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ജീവിതം നയിച്ചു വരുന്നു. പ്രത്യേകിച്ച് വേനൽക്കാല സമയങ്ങളിൽ പല മാർപാപ്പാമാരും ഈ ആശ്രമം സന്ദർശിച്ചിട്ടുണ്ട്.
തിരിച്ചു പോകുന്നതിനുമുമ്പ്, പാപ്പ ആശ്രമത്തിന്റെ ബുക്കിൽ ഒപ്പിടുകയും സഹോദരിമാരോടൊപ്പം ‘സ്വർഗ്ഗസ്ഥനായ പിതാവേ’ പ്രാർഥന ചൊല്ലുകയും ചെയ്തു. നന്ദി സൂചകമായി, ലെയോ മാർപാപ്പ സന്യാസിനീ സമൂഹത്തിന് ദിവ്യബലി അർപ്പിക്കുന്നതിനുള്ള ഒരു കാസയും പീലാസയും നൽകി. സിസ്റ്റർമാർ പാപ്പയ്ക്ക് യേശുവിന്റെ തിരുമുഖത്തിന്റെ ഒരു ഐക്കൺ സമ്മാനിച്ചു.



