വയോജനങ്ങളുടെ സ്നേഹം നമുക്ക് ഊർജ്ജവും പ്രത്യാശയും ആശ്വാസവും പ്രദാനംചെയ്യുന്നുവെന്ന് മാർപ്പാപ്പാ. ആഗോള വയോജന ദിന സന്ദേശത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ഇപ്രകാരം പറഞ്ഞത്. വിശുദ്ധരായ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാളിനോടുത്തുവരുന്ന, ജൂലൈ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ആഗോള വയോജന ദിനം. ഈ വർഷം ജൂലൈ 27 -നാണ് ആഗോള വയോജന ദിനമായി ആചരിക്കുന്നത്.
ജൂലൈ പത്തിനാണ് ഇക്കൊല്ലത്തെ ആഗോള വയോജന ദിന സന്ദേശം പരസ്യപ്പെടുത്തിയത്. “പ്രത്യാശ കൈവെടിയാത്തവർ ഭാഗ്യവാന്മാർ” എന്ന വാക്യമാണ് ഈ ദിനാചരണത്തിന്റെ വിചിന്തനപ്രമേയം. പ്രഭാഷകൻറെ പുസ്തകം പതിനാലാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്നെടുത്തതാണ് ഈ പ്രമേയം.
വയോജനങ്ങളുടെ ദൈവത്തിൽ രൂഢമൂലമായ, സജ്ജീവ സ്നേഹത്തിന്റെ അടയാളങ്ങൾ നമുക്ക് ധൈര്യം പ്രദാനം ചെയ്യുകയും ‘നമ്മിലെ ബാഹ്യ മനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം നവീകരിക്കപ്പെടുന്നു’ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു.
വാർദ്ധക്യത്തിലെത്തിയതിനാൽ സന്താനഭാഗ്യം ഉണ്ടാകില്ലെന്നു കരുതിയ അബ്രഹാമിനും സാറായ്ക്കും, അതുപോലെതന്നെ, സഖറിയാ-എലിസബത്ത് വൃദ്ധദമ്പതികൾക്കും ദൈവം മക്കളെ വാഗ്ദാനം ചെയ്യുകയും അങ്ങനെ അവരിൽ പ്രത്യാശനിറയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ പാപ്പാ സന്ദേശത്തിൽ അന്സമരിച്ചു. വയോജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യത്തിലെത്തിയവർക്കും പ്രത്യാശപുലർത്താൻ കഴിയുമെന്നും പാപ്പ ഉദ്ബോധിപ്പിക്കുന്നു.
ഇന്ന് പ്രായമായവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത നാം വിവേചിച്ചറിയാനും, നാം ജീവിക്കുന്ന ചരിത്രം നന്നായി വായിച്ചെടുക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ അടയാളമായി പരിണമിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
സഭയുടെയും ലോകത്തിൻറെയും ജീവിതം, വാസ്തവത്തിൽ, തലമുറകളുടെ തുടർച്ചയിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. പ്രായാധിക്യത്തിലെത്തിയ ഒരാളെ ആശ്ലേഷിക്കുമ്പോൾ അത്, ചരിത്രം വർത്തമാനകാലത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, പെട്ടെന്നുള്ള കണ്ടുമുട്ടലുകളിലും താത്കാലിക ബന്ധങ്ങളിലും അവസാനിക്കുന്നില്ലെന്നും, പ്രത്യുത, പ്രതീക്ഷയോടെ ഭാവിയെ നോക്കാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പ വിശദീകരിക്കുന്നു.
പ്രത്യാശയുടെ ജൂബിലി വർഷാചരണത്തെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ പ്രത്യാശ സദാ സന്താഷത്തിന്റെ ഉറവിടമാണെന്ന് കണ്ടെത്താൻ ഈ ആചരണം നമ്മെ സഹായിക്കുന്നു. ജൂബിലി ബൈബിളിന്റെ ആരംഭം മുതൽ തന്നെ വിമോചനത്തിന്റെ ഒരുസമയമായിട്ടാണ് ആചരിച്ചിരുന്നത്.
ഈ വീക്ഷണത്തിൽ നമ്മളും വയോജനങ്ങളോടൊപ്പം വിമോചനം, വിശിഷ്യ, ഏകാന്തതയിലും പരിത്യക്താവസ്ഥയിലും നിന്നുള്ള വിടുതൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. നമ്മുടെ സമൂഹങ്ങൾ, എല്ലായിടങ്ങളിലും, ഇത്രയും സുപ്രധാനവും സമ്പന്നവുമായ ഒരു വിഭാഗത്തെ മിക്കപ്പോഴും പാർശ്വവത്ക്കരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്നത് ഒരു ശീലമാക്കിയിരിക്കയാണ്. ഏതു പ്രായത്തിലും പ്രത്യാശയുടെ അടയാളമായിരിക്കാൻ നമുക്കു കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. പാപ്പ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.