2022 ജൂൺ 29 ന് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസെർവത്തോരെ റൊമാനോയുടെ മാസികയായ ഒസെർവത്തോരെ ദി സ്ത്രാദയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സന്ദേശത്തിൽ വളരെ പ്രത്യേകമായി, ക്രൈസ്തവരെന്ന നിലയിൽ അപരനോട് കാണിക്കേണ്ടുന്ന അനുകമ്പയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുവാനുള്ള നമ്മുടെ കടമയും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.
മൂന്നു വർഷം മുൻപ്, ഫ്രാൻസിസ് പാപ്പാ, ഈ മാസികയുടെ പ്രത്യേകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നടത്തിയ, “പിന്തള്ളപ്പെട്ടവർ ഇവിടെ പ്രധാന കഥാപാത്രങ്ങളായി മാറുന്നുവെന്നുള്ള” പ്രസ്താവന ലിയോ പതിനാലാമൻ പാപ്പാ അടിവരയിട്ടു പറയുകയും, ഈ മാസികയ്ക്ക് രൂപം നൽകുന്ന ഏവർക്കും പ്രത്യേകമായി നന്ദിയർപ്പിക്കുകയും ചെയ്തു. ഞായറാഴ്ച്ചകളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്കായി എത്തുന്ന തീർത്ഥാടകർക്ക് ഈ മാസിക വിതരണം ചെയ്യുന്നതിലൂടെ പാപ്പായെ അനുഗമിക്കുവാൻ സഹായിക്കുന്നുവെന്നും ലിയോ പതിനാലാമൻ ചൂണ്ടിക്കാട്ടി.
ലോകത്തെ തെരുവിൽ നിന്ന് കാണണമെന്ന് ഓർമ്മിക്കാനും അപ്രകാരം നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റുവാനും ഈ മാസിക സഹായകരമാണെന്നു പാപ്പാ പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദം യഥാർത്ഥമായും കൂടുതൽ ആഴത്തിലും കാണുകയും കേൾക്കുകയും ചെയ്യുന്നതിൽ നിന്ന് പലപ്പോഴും നമ്മെ തടയുന്ന രൂപരേഖകളിൽനിന്നും, വിധിപ്രസ്താവനകളിൽ നിന്നും മോചിതരാകുവാനും ഈ മാസിക സഹായകരമാണെന്നു പാപ്പാ ഓർമ്മപ്പെടുത്തി.
“നമുക്കൊരുമിച്ച്, വിശ്വാസത്തോടെ മുന്നോട്ട് പോകാം മനുഷ്യരുടെ നഗരത്തിലേക്ക്, ദൈവീക നഗരത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുന്ന പ്രവൃത്തികൾ തുടരാം”, പാപ്പാ പറഞ്ഞു. ജീവിതസാക്ഷ്യങ്ങളിലൂടെ ദൈവത്തെ തിരിച്ചറിയുവാനും, ദൈവത്തിന്റെ കരം മനസിലാക്കുവാനും സാധിക്കുന്നുവെന്നും, ദൈവസ്നേഹത്തിൽ നാം വിശ്വസിക്കുന്നുവെങ്കിൽ, ഈ സാക്ഷ്യങ്ങൾ പ്രദാനം ചെയ്യുന്ന പ്രത്യാശയെ തിരിച്ചറിയുവാൻ നമുക്ക് കഴിയുമെന്നും പാപ്പാ പ്രത്യേകം പറഞ്ഞു. “മറ്റുള്ളവരോട് അനുകമ്പയുള്ളവർ ഭാഗ്യവാന്മാർ, കാരണം അവർക്ക് അനുകമ്പ ലഭിക്കും” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഓർമ്മപ്പെടുത്തി.