മാഡ്രിഡ് അതിരൂപതയുടെ മാതാവും, സംരക്ഷകയുമായ അൽമുദെനയിലെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ, കാഴ്ചകൾ അർപ്പിക്കുവാൻ തനിക്കൊപ്പം എത്തിച്ചേർന്ന വിശ്വാസികളെ അഭിസംബോധന  ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ ഹ്രസ്വമായ സന്ദേശം ആരംഭിച്ചത്. പുത്രസഹജമായ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട്,മാതാവിന് ഒരു സുവർണ്ണ റോസാപൂവും പാപ്പാ സമർപ്പിച്ചു. നൂറ്റാണ്ടുകളായി മാഡ്രിഡ് നിവാസികൾ വണങ്ങിയിരുന്ന ഈ തിരുസ്വരൂപം, ക്രൈസ്തവ പീഡന കാലങ്ങളിൽ, കോട്ടയുടെ ചുവരുകളിലെ വിടവുകളിൽ സൂക്ഷിച്ചിരുന്നതും, പിന്നീട് യാതൊരു കേടുപാടും കൂടാതെ അത് കണ്ടെത്തിയതും പാപ്പാ എടുത്തു പറഞ്ഞു.

പുരാതനമായ ഈ ഭക്തി, സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന ക്രൈസ്തവ  വേരുകളെ തിരിച്ചറിയുവാൻ ഏവരെയും സഹായിക്കുമെന്നും, ഏവർക്കും ജീവൻ പകർന്നു കൊണ്ട്,  നമ്മുടെ യാത്രയിൽ മുൻപോട്ടു പോകുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന മഹത്തായ പ്രത്യാശയുടെ അടയാളവും കൂടിയാണ്. തകർന്ന ഒരു മതിലാണ്, പരിശുദ്ധ അമ്മയ്ക്ക് ജനതയുമായുള്ള പുതിയ ഒരു കണ്ടുമുട്ടലിനു വഴി തുറന്നതെന്ന് സൂചിപ്പിച്ച പാപ്പാ, ഇത് വലിയ ഒരു അടയാളമാണെന്നും, മതിലുകൾ തകർക്കുന്നത്, ഇടങ്ങൾ തുറക്കുകയും സാധ്യതകൾ പുനഃസ്ഥാപിക്കുകയും പുനഃസ്ഥാപിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. സമൂഹത്തിൽ, നമ്മെ അകറ്റി നിർത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിരവധി മതിലുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും, പാപ്പാ കൂട്ടിച്ചേർത്തു.

പുതിയതും മനോഹരവും ശാശ്വതവുമായ എന്തെങ്കിലും നിർമ്മിക്കാൻ, മതിലുകൾ തകർക്കാൻ നാം തയ്യാറായിരിക്കണം എന്നുള്ളതാണ്, അൽമുദേനയിലെ മാതാവ്, തന്റെ സാന്നിധ്യവും ഉറപ്പായ സംരക്ഷണവും കൊണ്ട്, നമ്മോട് പറയുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കർത്താവ് തന്റെ വിശുദ്ധ ജനത്തോടൊപ്പം നടക്കുന്നുണ്ടെന്നും, അവരുടെ ഭയങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും, അവരുടെ എല്ലാ നല്ല ശ്രമങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുണ്ടെന്നും ഏവർക്കും ബോധ്യമുള്ളതിനാൽ, വിശ്വാസ സാക്ഷ്യത്തിൽ പതറരുതെന്നും, ദൈവപിതാവിന്റെ സ്നേഹനിർഭരമായ പദ്ധതിയെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പാ ഏവരെയും ഉദ്‌ബോധിപ്പിച്ചു.

ഒരു കുടുംബത്തിൽ സഹോദരീ സഹോദരങ്ങൾ എന്ന നിലയിൽ വസിക്കണമെന്നും, കാരുണ്യപ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കണമെന്നും, പ്രത്യാശ നഷ്ടപ്പെടുത്തരുതെന്നും, സേവനങ്ങളിൽ പരസ്പരം പിന്തുണയ്ക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അവസാനമായി പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാർത്ഥനയും പാപ്പാ ചൊല്ലിക്കൊണ്ട്, അമ്മയുടെ മാതൃ സംരക്ഷണത്തിന് ഏവരെയും ഭരമേല്പിച്ചു.