ഇറ്റലിയിലെ പോംപെ തീർഥാടന കേന്ദ്രത്തിലെ ‘ടെമ്പിൾ ഓഫ് ചാരിറ്റി’ സന്ദർശിച്ച ലെയോ പതിനാലാമൻ മാർപാപ്പ, സഭയുടെ കാരുണ്യപ്രവർത്തനങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവനുള്ള അടയാളമാണെന്ന് ഓർമ്മിപ്പിച്ചു. തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പോംപെയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പാപ്പ ഈ സന്ദേശം നൽകിയത്.

പോംപെയിലെ ഔവർ ലേഡി ഓഫ് ദി റോസറി തീർഥാടന കേന്ദ്രത്തോട് ചേർന്ന് വിശുദ്ധ ബാർട്ടോലോ ലോംഗോ സ്ഥാപിച്ച വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. അനാഥർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, തടവുകാരുടെ മക്കൾ എന്നിവർക്കായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ സഭയുടെ ഹൃദയമിടിപ്പാണെന്ന് പാപ്പ വിശേഷിപ്പിച്ചു.

“കഴിഞ്ഞ വർഷം ഒക്ടോബർ 19-ന് വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ ബാർട്ടോലോ ലോംഗോയുടെ കാൽച്ചുവടുകളിൽ നിന്ന് ഈ പാസ്റ്ററൽ സന്ദർശനം ആരംഭിക്കുന്നത് എനിക്ക് വളരെ മനോഹരമാണ്”- പാപ്പ പറഞ്ഞു.