യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ധാർമ്മിക ബാധ്യതയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന റെജീന കേലി പ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. അതേസമയം, അന്താരാഷ്ട്ര നിയമങ്ങളിൽ അംഗീകരിക്കപ്പെട്ട മാനവികതയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ജൂലിയൻ കലണ്ടർ പ്രകാരം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്ന കിഴക്കൻ സഭകൾക്ക് മാർപാപ്പ സമാധാന ആശംസകൾ നേർന്നു. യുദ്ധം മൂലം കഷ്ടത അനുഭവിക്കുന്ന ഉക്രേനിയൻ ജനതയെ ലോകം മറക്കരുതെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ വെളിച്ചം പീഡിതഹൃദയങ്ങൾക്ക് ആശ്വാസം നൽകട്ടെ എന്ന് ആശംസിച്ച പാപ്പ, ഉക്രൈനിലെ ദുരന്തത്തിനു നേരെ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ലെബനനിൽ നിലനിൽക്കുന്ന ഭീതിയുടെയും ദുഃഖത്തിന്റെയും സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പ, അവിടെ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനപരമായ പരിഹാരം കണ്ടെത്താനും ബന്ധപ്പെട്ട കക്ഷികളോട് അഭ്യർഥിച്ചു.

അതേസമയം, ഏപ്രിൽ 13 തിങ്കളാഴ്ച ആരംഭിക്കുന്ന ആഫ്രിക്കൻ അപ്പസ്തോലിക യാത്രയ്ക്കു വേണ്ടി പാപ്പ വിശ്വാസികളുടെ പ്രാർഥന അഭ്യർഥിച്ചു. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് ഈ അപ്പസ്തോലിക യാത്രയിൽ പാപ്പ സന്ദർശിക്കുന്നത്. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി നടത്തുന്ന ഈ യാത്ര ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സംഘർഷഭരിതമായ മേഖലകളിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.