വലിയ ആഴ്ചയുടെ കൂടി പശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പാപ്പായും ഉക്രൈൻ പ്രസിഡന്റ് വോളോദിമീർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഏപ്രിൽ 3 ദുഃഖവെള്ളിയാഴ്ച രാവിലെയാണ് ഇരുനേതൃത്വങ്ങളും തമ്മിൽ സംസാരിച്ചത്.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തെ സാധാരണജനം കടുത്ത ദുരിതം നേരിടുന്ന സാഹചര്യത്തിൽ, പരിശുദ്ധ പിതാവ് അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനൽകി. രാജ്യത്തെ മാനവികസ്ഥിതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ആവശ്യമായ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതൃത്വങ്ങളും സംസാരിച്ചു.

തടവുകാരെ വിട്ടയയ്ക്കുന്നത് കൂടുതൽ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച വിഷയവും പരിശുദ്ധ പിതാവും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തിൽ ഇടം പിടിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടും ശ്രമങ്ങളോടും കൂടി, ശത്രുതകൾ അവസാനിപ്പിക്കാനും, നീതിപൂർണ്ണവും നിലനിൽക്കുന്നതുമായ സമാധാനം ഉറപ്പാക്കാനും സാധിക്കട്ടെയെന്ന ആശംസകളും ഇരു നേതൃത്വങ്ങളും കൈമാറി.

ദീർഘനാളുകളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനും, സാധാരണജനത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും, യൂറോപ്പിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും സമാധാനം തിരികെ കൊണ്ടുവരാനും പരിശുദ്ധ പിതാവ് നിരവധി അവസരങ്ങളിൽ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ വത്തിക്കാനിലെത്തിയ ഉക്രൈൻ പ്രസിഡന്റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു.

ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗുമായും ലിയോ പതിനാലാമൻ പാപ്പാ ഏപ്രിൽ മൂന്നാം തീയതി സംസാരിച്ചുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.