മധ്യപൂർവേഷ്യയിലെ ക്രൈസ്തവർക്കുവേണ്ടി, പ്രാർത്ഥിക്കണമെന്നുള്ളത്, മറ്റു സാഹചര്യങ്ങളെക്കാൾ കൂടുതൽ ആവശ്യമായി വന്നിരിക്കുന്നുവെന്നു എടുത്തു പറഞ്ഞുകൊണ്ട്, ഓശാന ഞായർ തിരുകർമ്മങ്ങളുടെ അവസാനം, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപായി, ഒരിക്കൽക്കൂടി സമാധാനത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾ, ലിയോ പതിനാലാമൻ പാപ്പാ നടത്തി. വിശുദ്ധവാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു പോലും സാധികാത്ത അവരുടെ അവസ്ഥയെ പാപ്പാ ചൂണ്ടികാണിച്ചു.
കർത്താവിന്റെ സഹനത്തെ കുറിച്ച് നാം ധ്യാനിക്കുമ്പോൾ, യഥാർത്ഥത്തിൽ അവനോടൊപ്പം ജീവിതത്തിൽ വേദനിക്കുന്നവരെ മറക്കുവാൻ സാധിക്കില്ലെന്നും, ഇത് നമ്മുടെ മനസാക്ഷിയെ വെല്ലുവിളിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യുദ്ധത്തിൽ മുറിവേറ്റ ജനതയ്ക്കുവേണ്ടിയും, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മൂർത്തമായ പാതകൾ തുറക്കാനും, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിനോട് പ്രാർത്ഥിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
യുദ്ധത്തിൽ മരണപ്പെട്ട നാവികരായ ആളുകളെയും പാപ്പാ പ്രത്യേകം സ്മരിച്ചു. ഭൂമിയും ആകാശവും കടലും ജീവനും സമാധാനത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. കടലിൽ മരിച്ച എല്ലാ കുടിയേറ്റക്കാർക്കും വേണ്ടി, പ്രത്യേകിച്ച് ക്രേറ്റ ദ്വീപിൽ കഴിഞ്ഞ ദിവസം ജീവൻ നഷ്ടപെട്ടവർക്കുവേണ്ടിയും പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു.



