അതിരൂക്ഷമായ യുദ്ധത്തിലും രക്തച്ചൊരിച്ചിലിലും അതീവദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. “യുദ്ധം ബാക്കിയാക്കുന്നത് കണ്ണുനീരും തകർന്ന സ്വപ്നങ്ങളും മാത്രമാണ്. അവിടെയുള്ളവർക്ക് ഏൽക്കുന്ന ഓരോ മുറിവും മുഴുവൻ മനുഷ്യരാശിക്കും ഏൽക്കുന്ന മുറിവാണ്” – പാപ്പ ഓർമ്മിപ്പിച്ചു. മാർച്ച് 22 ഞായറാഴ്ച വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.
നിരപരാധികളായ അനേകം മനുഷ്യർ യുദ്ധക്കെടുതി അനുഭവിക്കുമ്പോൾ ലോകത്തിന് നിശ്ശബ്ദമായിരിക്കാൻ കഴിയില്ലെന്ന് മാർപാപ്പ പറഞ്ഞു. യുദ്ധം മൂലമുണ്ടാകുന്ന മരണം, വേദന, ദുരിതം എന്നിവ മനുഷ്യകുലത്തിനു തന്നെ നാണക്കേടാണെന്നും ഇത് ദൈവത്തിന് മുൻപിലുള്ള വിലാപമാണെന്നും പാപ്പ മുന്നറിയിപ്പ് നൽകി.
ആയുധങ്ങൾ ഉപേക്ഷിച്ച് പരസ്പര ബഹുമാനത്തോടെയും ആത്മാർഥമായ സംവാദങ്ങളിലൂടെയും സമാധാനത്തിന്റെ പാത തുറക്കാൻ ലോകരാജ്യങ്ങളോട് പാപ്പ ആവശ്യപ്പെട്ടു. യുദ്ധം 23-ാം ദിവസത്തിലേക്കു കടക്കുമ്പോൾ മരണസംഖ്യ കുതിച്ചുയരുകയാണ്. ഏകദേശം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.



